ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടി; ആചാരലംഘന വിവാദത്തിൽ പെട്ട് ശങ്കർദാസും

സന്നിധാനം: ശബരിമലയിൽ സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധം കനക്കുമ്പോൾ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസും ആചാരലംഘന വിവാദത്തിൽ വെട്ടിലായി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടാൻ പാടില്ലെന്ന ആചാരം ലംഘിച്ചെന്നാണ് ശങ്കർദാസിന്റെ പേരിലുള്ള ആരോപണം. ഇന്ന് ബി.ജെ.പി നേതാവ് വത്സൻ തില്ലങ്കേരിയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടികയറിയെന്നും തിരികെ ഇറങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. തില്ലങ്കേരി നടത്തിയത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെ.പി.ശങ്കരദാസ് തന്നെയാണ് രംഗത്ത് വന്നത്.

അതിന് പിന്നാലെയാണ് കെ.പി ശങ്കർദാസും ആചാരലംഘന വിവാദത്തിൽ കുടുങ്ങിയത്. ഇഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്ന വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ ആചാരലംഘനങ്ങളുടെ പേരിൽ വിവാദങ്ങൾ പുകയുകയാണ്. അതേസമയം തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടികയറാൻ അനുവാദമുള്ളൂ എന്ന് തന്ത്രിയും വ്യക്തമാക്കി.

ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടിയെന്ന അരോപണങ്ങൾക്കെതിരെ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയും മറുപടിയുമായെത്തി. ആചാരം ലംഘിച്ചിട്ടില്ലെന്നും സംശയമുണ്ടെങ്കിൽ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കാമെന്നും തില്ലങ്കേരി പറഞ്ഞു. ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണ് താഴെ വലിയ പ്രശ്നം നടക്കുന്നതായി കാണുന്നത്. ഇരുമുടിക്കെട്ട് കയ്യിൽ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാൻ ആവശ്യപ്പെട്ടു.

തുടർന്ന് ഇരുമുടികെട്ട് അടുത്തു നിന്നയാൾക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയർത്തി ശാന്തമാകാൻ ആവശ്യപ്പെട്ടതിനെയാണ്് താൻ ആചാരലംഘനം നടത്തിയതായി വ്യാഖ്യാനിക്കുന്നത്. ഇത്തരം പ്രചാരണ ത്തിൽ ദു:ഖമുണ്ടെന്നും ഭക്തർ പെട്ടെന്നു പ്രകോപിതരാകാനുള്ള സാധ്യതയുയുള്ളതിനാലാണ് താനുൾപ്പെടെയുള്ള നേതൃത്വം ശബരിമലയിലെത്തിയതെന്നും വൽസൻ തില്ലങ്കേരി വ്യക്തമാക്കി.