നീരവ് മോദിയുടെ ദുബായിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ ദുബായിലെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നീരവ് മോദിയുടെ സ്വന്തം പേരിലും ഫയര്‍സ്റ്റാര്‍ ഡയമണ്ട് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 56 കോടി വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ മാസം നീരവിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പേരിലുള്ള 637 കോടി രൂപയുടെ വസ്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 14നാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദിയും മെഹുല്‍ ചോക്സിയും ചേര്‍ന്ന് 11,912.24 കോടി ഇന്ത്യന്‍ രൂപയുടെ(1.7 ബില്ല്യണ്‍ ഡോളര്‍) തട്ടിപ്പ് നടത്തിയ വിവരം പുറത്തായത്. എന്നാല്‍ വാര്‍ത്ത പുറത്തുവരുന്നതിന് ഒരു മാസം മുമ്പേ ഇവര്‍ രാജ്യം വിട്ടിരുന്നു. തുടർന്നും വിദേശ രാജ്യത്തുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിന്റെ നിയമസാധുതക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈ കോടതിയെ സമീപിച്ചിട്ടുണ്ട്. നീരവ് മോദി ഇപ്പോള്‍ ഒളിവിലാണ്.