എക്സിറ്റ് പെര്‍മിറ്റിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ഖത്തര്‍

ദോഹ: ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് ഇനിയും ബാധകമാണോന്നറിയാൻ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ portal.moi.gov.qa വെബ്സൈറ്റില്‍ ഒരുക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട പേജില്‍ ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാല്‍ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ആളാണോയെന്ന കാര്യം ഓണ്‍ലൈനായി അറിയാന്‍ സാധിക്കും. പുതിയ നിയമം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രവാസികള്‍ക്കിടയില്‍ നിലനിന്ന ആശയക്കുഴപ്പത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കിയതിന് ശേഷവും ഓരോ കമ്പനിയിലെയും അഞ്ച് ശതമാനം തൊഴിലാളികളെ ഇളവിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ അഞ്ച് ശതമാനത്തെ ഓരോ കമ്പനി ഉടമയ്ക്കും തീരുമാനിക്കാമെന്നും ഇവരുടെ പേരുകള്‍ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നുമായിരുന്നു ഉത്തരവ്. ഈ അഞ്ച് ശതമാനത്തില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അംഗീകൃത വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോകാന്‍ കഴിയുമെന്നതാണ് എക്സിറ്റ് പെര്‍മിറ്റ് നിയമഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്‌. സെപ്തംബര്‍ ആദ്യ വാരത്തിലാണ് എക്സിറ്റ് പെര്‍മിറ്റ് എടുത്തൊഴിവാക്കിക്കൊണ്ടുള്ള വിപ്ലവകരമായ നിയമഭേദഗതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പ്രഖ്യാപിച്ചത്.