യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം; പ്രതിയായ ഡി.വൈ.എസ്.പിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഡി.വൈ.എസ്.പിയെ കണ്ടെത്താൻ കഴിയാതെ പൊലീസ്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ഹരികുമാർ എവിടെയാണെന്നതിനെക്കുറിച്ച് പൊലീസിന് ഒരു വിവരവുമില്ല. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കു വേണ്ടി ഇതുവരെ ലുക്ക്ഔട്ട് നോട്ടിസും പൊലീസ്  പുറപ്പെടുവിച്ചിട്ടില്ല.

ഹരികുമാറിനോട് കീഴടങ്ങണമെന്ന്  പൊലീസ്  ബന്ധുക്കൾ വഴി അറിയിച്ചതായാണ് സൂചന. പ്രതി ഹരികുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേസമയം അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരികുമാറിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് മനപ്പൂർവ്വമാണെന്നും പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് സനലിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് കിടങ്ങാംവിള സ്വദേശി സനലിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. നെയ്യാറ്റിൻകര കിടങ്ങാംവിളയിൽ ഡിവൈഎസ്പി യുടെ വാഹനത്തിനു മുന്നിൽ സനൽ വാഹനം പാർക്ക് ചെയ്തിരുന്നു. അതിൽ പ്രകോപിതനായ ഡിവൈഎസ്പി വാഹനം മാറ്റാൻ സനലിനോട് ആവശ്യപ്പെട്ട് സനലിനോടു കയർക്കുകയായിരുന്നു. തർക്കത്തിനിടെ യുവാവിനെ ഹരികുമാർ റോഡിലേക്ക് പിടിച്ചു തള്ളി. ആ സമയം എതിരെ വന്ന വാഹനം ഇടിക്കുകയും സനലിന് ഗുരുതരമായി പരുക്ക് പറ്റുകയും ചെയ്തു. എന്നാൽ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഡിവൈഎസ്പി തയ്യാറായില്ല. തുടർന്ന് എസ്. ഐ എത്തി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. എന്നാൽ മെഡിക്കൽ കോളജിലെത്തിയപ്പോഴും സനൽ മരിച്ചിരുന്നു.