വീണ്ടും നിയമന വിവാദത്തിൽ കുടുങ്ങി കെ.ടി. ജലീൽ

തിരുവനന്തപുരം: ബന്ധുനിയമ വിവാദത്തിന് പിന്നാലെ വീണ്ടും നിയമന വിവാദത്തിൽ കുരുങ്ങി മന്ത്രി കെടി ജലീൽ. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ചട്ടം മറികടന്ന നിയമനം നടത്തിയെന്നാണ് മന്ത്രിക്കെതിരെയുള്ള പുതിയ ആരോപണം. എന്നാൽ ആരോപണത്തെ കെ.ടി. ജലീൽ നിഷേധിച്ചു. നിയമനത്തെക്കുറിച്ച് അറിയില്ലെന്നാണ് നിയമന വിവാദത്തിൽ മന്ത്രിയുടെ മറുപടി.

കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസിൽ സർക്കാർ ജീവനക്കാരിയല്ലാത്ത നിലമ്പൂർ സ്വദേശിയായ വനിതയെ ക്ലാർക്കായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ക്ലർക്കുമാരുടെ തസ്തികകളിൽ മറ്റ് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്നാണ് ചട്ടം. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ബന്ധുവിനെ നിയമിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വീണ്ടും മന്ത്രി കെ.ടി. ജലീൽ വീണ്ടും നിയമന വിവാദത്തിൽ കുടുങ്ങിയത്.