‘കെവിന്റേത് ദുരഭിമാനക്കൊല തന്നെ’; പ്രോസിക്യൂഷൻ വാദം ശരിവെച്ച് കോടതി

കോട്ടയം: പ്രണയിച്ച് വാവഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട നട്ടാശ്ശേരി സ്വദേശി കെവിൻ ജോസഫിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന കോടതി. കെവിൻറെ കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്നും കോടതി വ്യക്തമാക്കി.ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും.

കെവിന്റേത് ദുരഭിമാനക്കൊലയായി പരിഗണിച്ച് വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിഭാഗത്തിന്റെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാൻ കോടതി ഉത്തരവിടുന്നത്. നീനുവിൻറെ പിതാവും സഹോദരനും അടക്കം 14 പ്രതികളാണ് കേസിലുള്ളത്.
മെയ് 28-നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന്റെ തലേദിവസം കെവിന്റെ ഭാര്യ നീനുവിൻറെ സഹോദരനടക്കമുള്ള ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മർദ്ദിച്ച ശേഷം കെവിനെ ആറ്റിൽ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. എന്നാൽ കെവിൻറേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.