ശബരിമലയിൽ സ്ത്രീകളുടെ വ്രതകാലം കുറയ്ക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ 41 ദിവസം വ്രതം നോൽക്കണമെന്ന ആചാരം സ്ത്രീകൾക്ക് വേണ്ടി 21 ദിസമാക്കണം ആയി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി  തള്ളി. വ്രതശുദ്ധി സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും ഹർജിക്കാരന് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാഹർജികൾ പരിഗണിക്കുന്നത് വരെ ശബരിമലയിൽ സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിയ്ക്കാൻ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട ജാമ്യഹർജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.