അയോധ്യയില്‍ രാമപ്രതിമ നിർമ്മാണം ഉടന്‍‍: യോഗി ആദിത്യനാഥ്

ഡൽഹി: അയോധ്യയിൽ രാമ പ്രതിമ ഉടൻ തന്നെ നിർമ്മിക്കുമെന്ന്‌ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും രണ്ട് പ്രദേശങ്ങൾ ഇതിനായി പരിഗണനയിലുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഭരണഘടനാ തത്വങ്ങൾ പാലിച്ചാവും ക്ഷേത്ര നിർമ്മാണം. എന്നാൽ നിയമം ഉണ്ടാകുമോ, ഒത്തുതീർപ്പിനു ശ്രമിക്കുമോ, കോടതിവിധിക്ക് കാത്തിരിക്കുമോ എന്നൊന്നും യുപി മുഖ്യമന്ത്രി വിശദീകരിച്ചില്ല.

സരയൂ നദീ തീരത്ത് 151 മീറ്റർ ഉയരമുള്ള രാമ പ്രതിമ സ്ഥാപിക്കാനാണ് യോഗി സർക്കാർ നീക്കം സജീവമാക്കിയിരിക്കുന്നത്. ഒരു പൂജാ വിഗ്രഹം അമ്പലത്തിൽ സ്ഥാപിക്കും. എല്ലാവർക്കും കാണാനുള്ള ഒരു പ്രതിമയും നിർമ്മിക്കും. ഹിന്ദു ഏകീകരണത്തിലൂടെയേ ഇത് മറികടക്കാൻ കഴിയൂ എന്നാണ് യോഗിയുടെ വിലയിരുത്തൽ.

രാജ്യത്ത്‌ അയോധ്യ വീണ്ടും ശ്രദ്ധാകേന്ദ്രമാകുമ്പോൾ നിയസഭാ തെരഞ്ഞെടുപ്പുകളിലും ഇതിൻറെ പ്രകമ്പനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇന്നലെ അയോധ്യയുടെ വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും ഫൈസാബാദ് ജില്ലയെ അയോധ്യ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു.