ഒമാനില്‍ ടാക്‌സികൾക്ക്‌ മീറ്റര്‍ നിര്‍ബന്ധം: പദ്ധതി അടുത്ത വർഷം മുതൽ 

മസ്‌കറ്റ്: ഗതാഗത നിയത്തിന്റെ അടിസ്ഥാനത്തില്‍ ടാക്സികളുടെ സേവനം വിപുലീകരിക്കാൻ  ഒരുങ്ങി ഒമാൻ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം. അതുപോലെ എല്ലാ ടാക്സികൾക്കും മീറ്ററുകൾ നിർബന്ധമാക്കുമെന്നും ഗതാഗത വാർത്താ വിനിമയ അധികൃതര്‍  അറിയിച്ചു. അടുത്ത വർഷം ജൂൺ മുതൽ പദ്ധതി നിലവിൽ വരും.

മീറ്ററുകളിലെ അടിസ്ഥാന നിരക്ക് 300 പൈസയായിരിക്കും. ഒാരോ കിലോമീറ്ററിനും 130 പൈസ എന്ന തോതിൽ ഇത് വർധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പദ്ധതി ആദ്യം മസ്കറ്റിലും പിന്നീട് മറ്റ് ഗവർണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എൻഗേജ്ഡ് സംവിധാനത്തിലാകും ടാക്സികളുടെ പ്രവർത്തനം. വാഹനത്തിൽ യാത്രക്കാർ ഉണ്ടെങ്കിൽ ഡ്രൈവർക്ക് മറ്റ്‌ യാത്രക്കാരെ കയറ്റാൻ സാധിക്കില്ല.

പരിഷ്‌ക്കരിച്ച് നിയമം ലക്ഷ്യമിടുന്നത് രാജ്യത്ത് ടാക്‌സി സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗതാഗതമന്ത്രാലയം നേരിട്ടു നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ്. വിദേശികള്‍ കൈകാര്യം ചെയ്യുന്ന എല്ലാ അനധികൃത ടാക്‌സി, ഗതാഗത സേവനങ്ങളും പുതിയ നിയമം അനുസരിച്ച് നിരോധിച്ചിട്ടുണ്ട്. സ്വദേശികള്‍ക്കായി മാത്രമുള്ള ടാക്‌സി സര്‍വീസ് മേഖലയും ഇതോടുകൂടി കൂടുതല്‍ നിയന്ത്രണവിധേയമാകും.