പൊലീസിന്റെ കൊടും ക്രൂരത; സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അനാസ്ഥ കാട്ടിയ പൊലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: തർക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാർ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. . അപകടത്തിൽപ്പെട്ട സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ. സജീഷ് കുമാർ, ഷിബു എന്നീ പൊലീസുകാർക്കാണ് സസ്‌പെൻഷൻ. സനലിന്റെ മരണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തലിനെ തുടർന്നാണ് പൊലീസ്‌കാർക്കെതിരെ നടപടി സ്വീകരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന സനൽകുമാറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന കാരണത്താലാണ് സസ്‌പെൻഷൻ.

സനലിനെ വാഹനത്തിൽ മുന്നിൽ തള്ളിയിട്ട ശേഷം ഡി.വൈ.എസ്.പി ഹരികുമാർ കടന്നുകളയുകയായിരുന്നു. തുടർന്ന് അപകടസ്ഥലത്തെത്തിയ എസ്‌ഐ  സനലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. എന്നാൽ സ്റ്റേഷനിലേക്ക് സനലിനെ കൊണ്ടുപോയില്ലെന്നും സ്റ്റേഷന് പുറത്ത് വച്ച് പൊലീസുകർക്ക് ഡ്യൂട്ടി മാറി കേറാനായി നിർത്തുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‌ഐ നൽകിയ വിശദീകരണം. സനലിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്. അപകടശേഷം ഹരികുമാർ റൂറൽ എസ്പി അശോക് കുമാറിനെയും വിളിച്ചിരുന്നെന്നും എന്നാൽ എസ്.പി കൃത്യമായ നടപടിയെടുത്തില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തിയിട്ടുണ്ട.

സംഭവത്തിന് ശേഷം ഹരികുമാർ തമിഴ്‌നാട്ടിലേക്ക് കടന്നു. എന്നാൽ ഹരികുമാറിനെ കണ്ടെത്താൻ പൊലീസിനായില്ല. തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പി കേസ് ക്രൈംബ്രാഞ്ചിന കൈമാറണമെന്ന് ചുണ്ടിക്കാട്ടി ഡി.ജി.പിക്ക് ശുപാർശ നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്് ഡി.ജി.പി ഉത്തരവിടുകയും ചെയ്തു.