ഉപതിരഞ്ഞെടുപ്പില്‍ ‘മക്കള്‍ നീതി മയ്യം’ മത്സരിക്കും: കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടിൽ 20 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ  ‘മക്കള്‍ നീതി മയ്യം’ തയ്യാറെന്ന്‌ കമല്‍ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പുമായിട്ടില്ല. എന്നാല്‍ എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്’. തന്റെ പിറന്നാള്‍ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എന്നാല്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍  മാത്രമേ മത്സരിക്കുകയുള്ളൂ എന്നായിരുന്നു കമലഹാസന്റെ നേരത്തെയുള്ള നിലപാട്.  ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്നും അതു പ്രാവര്‍ത്തികമാക്കാനാണ് താല്‍പര്യമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അതേസമയം തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പിന്റെ തിയതി ഇതുവരെ പ്രഖ്യപിച്ചിട്ടില്ല.