സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍: കടുത്ത ശിക്ഷാ നടപടികളുമായി യുഎഇ

അബുദാബി: സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി യുഎഇ പൊലീസ്. ഇനിമുതൽ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചു ലക്ഷം ദിര്‍ഹം പിഴയും മൂന്നുവര്‍ഷംവരെ തടവും അനുഭവിക്കേണ്ടി വരും. എന്നാൽ മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണു പോസ്റ്റിടുന്നതെങ്കില്‍ രണ്ടരലക്ഷം ദിര്‍ഹം പിഴയും ഒരുവര്‍ഷം വരെ തടവുമാണു ശിക്ഷ ലഭിക്കുക.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ചോ സേവനത്തെക്കുറിച്ചോ മോശമായി ചിത്രീകരിക്കുന്നതും കുറ്റകരമാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു കടുത്ത ശിക്ഷയാണു യുഎഇ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്. സ്വന്തം സ്ഥാനത്തിന്റെയും സ്ഥാപനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും ജനങ്ങളോട് ആദരപൂര്‍വം പെരുമാറണമെന്നും നിര്‍ദേശിച്ചു.