ഒരു ഇൻജക്ഷന് 3000 രൂപ വില; അനധികൃത സ്റ്റിറോയ്ഡ് വിൽപ്പന നടത്തിയ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ അനധികൃതമായി സ്റ്റിറോയ്ഡ് വിൽപ്പന നടത്തിയ ജിംനേഷ്യം പരിശീലകൻ അറസ്റ്റിലായി. ചെങ്ങന്നൂർ സ്വദേശിയായ മിറാജ് (27)ആണ് പിടിയിലായത്. എളമക്കരയിലെ ഓക്സിജൻ ഫിറ്റ്നസ് സെന്ററിന്റെ ഉടമയാണ് അറസ്റ്റിലായ മിറാജ്. ലക്ഷക്കണക്കിനു രൂപയുടെ സ്റ്റിറോയിഡ് മരുന്നുകളാണ് പൊലിസ് പരിശോധനയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഒരു സ്റ്റിറോയിഡ് ഇൻജക്ഷന് 3000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. മൃഗങ്ങളിൽ കുത്തിവയ്ക്കുന്ന സ്റ്റിറോയിഡുകൾ ഉൽപ്പെടെ വൻ തൊതിൽ വിറ്റഴിച്ചിരുന്നതായി പൊലീസ് പറയുന്നു.

ചെന്നൈയിൽ നിന്നുമാണ് സ്റ്റിറോയിഡുകൾ അനധികൃതമായി നാട്ടിലെത്തിച്ച് വിൽപന നടത്തിയിരുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജിമ്മുകളിൽ അനധികൃതമായി സ്റ്റിറോയ്ഡുകൾ വിൽപ്പന നടക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എം.പി.ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.