ശബരിമലയിൽ ദർശനത്തിന് അനുമതി തേടി അഞ്ഞൂറിലധികം യുവതികൾ

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമയിൽ ദർശനം നടത്താൻ അനുമതി തേടി കൂടുതൽ യുവതികൾ രംഗത്ത്. മണ്ഡല മകരവിളക്ക് കാലത്ത് ദർശനം നടത്താൻ പൊലീസ് പോർട്ടലിൽ 550 യുവതികളാണ് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  ഇത് വരെ മൂന്ന് ലക്ഷത്തിലധികം പേർ തീർത്ഥാടനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.

തുലാമാസ പുജാസമയത്തും ചിത്തിര ആട്ട ആഘോഷസമയത്തും നട തുറപ്പോൾ മല കയറാൻ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് യുവതികളെ സന്നിധാനത്തെത്തിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. കനത്ത  സുരക്ഷയൊരുക്കിയിരുന്നിട്ടും പ്രതിഷേധക്കാരെ  മറികടന്ന്  സ്ത്രീകളെ സന്നിധാനത്തെത്തിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. മണ്ഡലകാലത്തേക്ക് കൂടുതൽ സ്ത്രീകളെത്തുമെന്നുള്ളതിനാൽ വൻ സുരക്ഷാ സന്നാഹം തന്നെ പൊലീസിനൊരുക്കേണ്ടി വരും.

അതേസമയം ശബരിമല വിഷയത്തിൽ നിലപാട് മാറ്റി  തിരുവിതാംകൂർ ദേവസ്വം ബോർഡും രംഗത്ത് വന്നു.  സർക്കാർ നിലപാടിനെ പിന്തുണച്ച് സുപ്രീം കോടതിയിൽ പുതിയ നിലപാട് അറിയിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

തുലാമാസ പൂജ സമയത്ത് ശബരിമലയിലുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് വി.ആർ.പ്രേംകുമാറിന അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതല നൽകി ശബരിമലയിൽ നിയമിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക, പമ്പയുടെ പുനർനിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുക തുടങ്ങിയ ബുദ്ധിമുട്ടേറിയ പ്രവർത്തനങ്ങളുടെ ചുമതലയോടെയാണ് പുതിയ ഉദ്യോഗസ്ഥനെ ശബരിമലയിൽ നിയമിച്ചിരിക്കുന്നത്.