വിജയ് ചിത്രം ‘സര്‍ക്കാരി’നെതിരായ പ്രതിഷേധം: വിവാദ രംഗങ്ങള്‍ നീക്കം ചെയ്യും

ചെന്നൈ: മെർസലിനു പിന്നാലെ പുതിയ വിജയ് ചിത്രം സർക്കാരും വിവാദങ്ങളുടെ കുരുക്കിൽ. സർക്കാർ എന്ന ചിത്രം തമിഴ്‌നാട് സർക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. അതേസമയം വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ സിനിമയുടെ അണിയറ പ്രവൃത്തകര്‍ അറിയിച്ചു.  രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണ കക്ഷിയായ എ.എെ.ഡി.എം.കെ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം.

മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് ഭരണകക്ഷിയായ എഐഎഡിഎംകെ ‘സര്‍ക്കാരി’നെതിരെ പ്രതിഷേധിക്കുന്നത്‌. ചിത്രത്തിന്‍റെ പോസ്റ്റര്‍ വലിച്ച് കീറിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നു. മധുരയിലും കോയമ്പത്തൂരിലും ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകളും  പ്രവർത്തകർ അക്രമിച്ചു.

സംവിധായകൻ എ.ആർ.മുരുകദോസിന്റെ വീട്ടിൽ ഇന്നലെ രാത്രി പൊലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് 100 കോടി  നേടുന്ന ആദ്യ വിജയ് ചിത്രം കൂടിയാണ്  ‘സർക്കാർ’. വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് ആണിത്. ഇതിനിടെ  രജനീകന്ത്,  കമലഹാസന്‍, വിശാൽ തുടങ്ങിയവരും ചിത്രത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.