സൗദിയിൽ സാമ്പത്തിക കേസുകളില്‍ പിടിയിലായവർക്ക് ജയില്‍ മോചനം

റിയാദ്: സാമ്പത്തിക കേസുകളില്‍ പിടിയിലായി ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഒരു മില്യൺ സൗദി റിയാല്‍ വരെ ബാധ്യതയുള്ളതും ഹാഇലില്‍  ജയിലില്‍ കഴിയുന്നവരെയുമാണ് വിട്ടയയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്‌. സല്‍മാന്‍ രാജാവിന്റെ ഹാഇലില്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നത്.

അധികാരമേറ്റ ശേഷമുള്ള സുപ്രധാന സന്ദര്‍ശനത്തിലാണ് ഭരണാധികാരി  ഇക്കാര്യം പ്രഖ്യാപിച്ചത്‌. വിട്ടയക്കുന്നവരില്‍ തിരിച്ചടക്കാന്‍ ശേഷിയില്ലാത്തവരുടെ കടം സര്‍ക്കാര്‍ തന്നെ വീട്ടും. അതേസമയം ഇത്തരത്തില്‍ വിട്ടയക്കപ്പെടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെടാത്തവരായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഹാഇലില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജാവ് റിയാദിലേക്ക് മടങ്ങി.