നെയ്യാറ്റിൻകരയിലെ യുവാവിന്റെ കൊലപാതകം: ദൃക്‌സാക്ഷിക്ക് ഭീഷണി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനലിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട്  കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷിക്ക് ഭീഷണി. നെയ്യാറ്റിൻകരയിൽ ഹോട്ടൽ നടത്തുന്ന സുൽത്താൻ മാഹിനെയാണ് ചിലർ കടയിലെത്തി ഭീഷണിപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതിന് പിന്നാലെയാണ് കുറച്ചാളുകൾ കടയിൽ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മാഹീന്റെ ആരോപണം. മാഹീന്റെ ഹോട്ടലിന് മുന്നിൽ വെച്ചായിരുന്നു സനൽകുമാർ കൊല്ലപ്പെട്ടത്. സംഭവത്തിലെ ദൃക്‌സാക്ഷിയാണ് മാഹിൻ. ഭീഷണിയിൽ ഭയമുണ്ടെന്നും കച്ചവടം നിർത്തേണ്ട സ്ഥിതിയാണെന്നും മാഹിൻ പറഞ്ഞു.

അതേസമയം ഒളിവിൽ പോയ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ ഇത് വരെയും പൊലീസിന് പിടികൂടാനായില്ല. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി സനലിന്റെ കുടുംബം ആരോപിച്ചു. പ്രതിയെ കണ്ടെത്തിയില്ലെങ്കിൽ നീതി കിട്ടും വരെ തെരുവിൽ സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. ഇതിനിടെ ഡി.വൈ.എസ്.പി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.