മണ്‍വിള തീപിടിത്തം: അട്ടിമറിയെന്ന് സൂചന

തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസി ടി.വി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച സൂചനകളുടെ അിടിസ്ഥാനത്തിലാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘം പ്രാഥമിക അന്വേണത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ അട്ടിമറിയാണെന്ന് സൂചന ലഭിക്കുകയായിരുന്നു.

കമ്പനിയിലെ രണ്ട് ജോലിക്കാരുടെ ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളുടെ 3000 രൂപയാണ് വെട്ടിക്കുറച്ചത്. തുടര്‍ന്ന് ഇവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്നാണ് സൂചന. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷാഡോ പൊലീസാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് പിന്നാലെ ഫാക്ടറിയിലെ പല ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെയും പൊലീസ് ചോദ്യം ചെയ്തു. ഇതിനൊടുവിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.