ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‌പോര്‍ട്ടിന് മൂന്നാം സ്ഥാനം

ബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‌പോര്‍ട്ടിന് മൂന്നാം സ്ഥാനം. ദുബായ് മീഡിയാ ഓഫിസാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചവരെ നാലാം സ്ഥാനമായിരുന്ന യുഎഇ പാസ്‌പോർട്ട് ഒരാഴ്ചയ്ക്കകമാണ് നില മെച്ചപ്പെടുത്തിയത്. ഇതോടെ
യുഎഇ പാസ്‌പോര്‍ട്ടിന്റെ വീസ ഫ്രീ സ്‌കോര്‍ 163 ആയി ഉയര്‍ന്നു. അതായത് 113 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാം. 50 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുകയും ചെയ്യും.

ലോകത്തെ 35 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ വീസ വേണ്ടിവരിക. നേരത്തെ ആർടൻ ക്യാപിറ്റൽ പ്രസിദ്ധീകരിച്ച ആഗോള സൂചികയിൽ ഒൻപതാം സ്ഥാനത്ത് നിന്ന് യുഎഇ നാലാം സ്ഥാനത്തെത്തിയിരുന്നു. പുതിയ പട്ടിക പ്രകാരം ബെൽജിയം, ഓസ്ട്രിയ, ജപ്പാൻ, ഗ്രീസ്, പോർട്ടുഗൽ, സ്വിറ്റ്‌സർലൻഡ്, യുകെ, അയർലണ്ട്, കാനഡ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇ മൂന്നാം സ്ഥാനം പങ്കിടുന്നത്.