മണ്‍വിള തീപിടിത്തം: ഫാക്ടറിയിലെ രണ്ട് ജീവനക്കാർ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടിത്തം അട്ടിമറിയെന്ന് സ്ഥിരീകരിച്ചു. സ്റ്റോറിൽ ഹെൽപ്പറായിരുന്ന ചിറയിന്‍കീഴ് സ്വദേശി  ബിമലാണ് തീകൊളുത്തിയത്. കഴക്കൂട്ടം സ്വദേശി ബിനുവും ബിമലിനൊപ്പമുണ്ടായിരുന്നു.  സിസി ടി.വി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച സൂചനകളുടെ അിടിസ്ഥാനത്തിലാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘം പ്രാഥമിക അന്വേണത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ അട്ടിമറിയാണെന്ന് സൂചന ലഭിക്കുകയായിരുന്നു.

ബിമലിൻ്റെയും ബിനുവിനൻ്റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു അട്ടിമറി. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.  സംഭവത്തിന് പിന്നാലെ ഫാക്ടറിയിലെ അന്യ സംസ്ഥാന തൊഴിലാളികളടക്കം പല ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.  ഇതിനൊടുവിലാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപെടുത്തും.