വിവാദ പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിക്കില്ല; ഡി സി ബുക്‌സ്

തൃശൂര്‍: പാറമേക്കാവ് അഗ്രശാലയില്‍ നടത്തുന്ന ഡി.സി. ബുക്‌സിന്റെ പുസ്തക മേളയ്‌ക്കെതിരെ  ഭക്തരുടെ പ്രതിഷേധം. മീശ നോവൽ പ്രസിദ്ധീകരിച്ച ഡി.സി. ബുക്‌സിന്റെ പുസ്തകമേള നടത്താൻ ക്ഷേത്രം അഗ്രശാല അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് ‘മീശ’ പുസ്തകമേളയിൽ നിന്നൊഴിവാക്കിയതായി ഡി സി ബുക്‌സ് ക്ഷേത്രം അധികൃതർക്ക് എഴുതി നൽകി.

ഏതാനും മാസങ്ങൾക്ക് മുൻപാണ് എസ്.ഹരീഷിൻറെ മീശ നോവൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നോവലിൽ സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തിൽ പോകുന്ന സ്ത്രീകളെ തെറ്റായും ചിത്രീകരിച്ചിരുന്നു. ലൈംഗിക ഉപകരണം ആയിട്ടാണ് സ്ത്രീയെ ഇതിൽ വിശേഷിപ്പിച്ചിരുന്നത്. ബ്രാഹ്മണർക്ക് എതിരെ നോവലിൽ ഉള്ള ചില പരാമർശങ്ങൾ വംശീയ അധിക്ഷേപം ആണെന്നും പരാതി ഉയർന്നിരുന്നു.

നേരത്തേ ‘മീശ’ നോവലിന്‍റെ പേരില്‍ ഡിസി ബുക്‌സിന്റെ പുസ്തകമേള തടയാന്‍ സംഘപരിവാറും ശ്രമം നടത്തിയിരുന്നു. ഇന്നലെ വൈകീട്ട് മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. അതേസമയം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.