ക്രമസമാധാനത്തിന്‌ ദുബായ് പൊലീസ് ഇനി പറന്നിറങ്ങും

ദുബായ്: ഇനി പറന്നിറങ്ങാൻ ദുബായ് പൊലീസ്  ഇതിനായി ഹോവർ ബൈക്കുകൾ എന്ന പറക്കും ബൈക്കുകൾ പൊലീസിനായി ഒരുങ്ങുന്നു. നിലവിൽ ഓഫിസർമാർക്കു ബൈക്ക് ഓടിക്കാനുള്ള പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ ബൈക്കുകൾ എത്തുമെന്നു ദുബായ് പൊലീസിലെ നിർമിതബുദ്ധി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖി വ്യക്തമാക്കി.

2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാൽ എവിടെയും പറന്നിറങ്ങാനുമാകും. മാത്രമല്ല  സാധാരണ രീതിയിലും പ്രവർത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത.

114 കിലോഗ്രാം ഭാരമുള്ള ബൈക്കിന്‌ കാർബൺ ഫൈബർ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. വാഹനത്തിൻറെ സീറ്റിനും ഹാൻഡിലിനുമെല്ലാം ബൈക്കിനോടാണ് സാമ്യം. 4 റോട്ടറുകളുണ്ട്. മണിക്കൂറിൽ 96 കിലോമീറ്റർ വേഗത്തിൽ പോകാം. 6000 മീറ്റർ വരെ ഉയരത്തിൽ പോകാനാകുമെന്നും റിപ്പോർട്ടുകളുണ്ട്. ദുബായിലെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ല.

ഉയരം കൂടുന്നതിനനുസരിച്ച് കൂടുതൽ സുരക്ഷാ സംവിധാനമൊരുക്കുകയും വേണം. കഴിഞ്ഞവർഷത്തെ ജൈറ്റക്‌സിൽ ബൈക്കിന്റെ മോഡൽ പ്രദർശിപ്പിച്ചിരുന്നു. കാഴ്ചയിൽ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോർപിയൻ-3 എന്ന ഹോവർ ബൈക്ക് നിർമ്മിക്കുന്നത് കാലിഫോർണിയയിലെ ഹോവർ സർഫ് എന്ന കമ്പനിയാണ്. ദുബായ് പൊലീസിനു മാത്രമായി രൂപകൽപന ചെയ്ത മോഡലാണിതെന്നാണ് റിപ്പോർട്ട്.