കാലിഫോർണിയയിൽ കാട്ടു തീയിൽപ്പെട്ട് ഇതുവരെ 9 മരണം

തെക്കൻ കാലിഫോർണിയയിൽ നാശം വിതച്ച കാട്ടു തീയിൽപ്പെട്ട് ഇതുവരെ 9 പേർ മരിച്ചു. 35 പേരെ കാണാതായി. രണ്ടര ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. തീ ഇപ്പോഴും നിയന്ത്രണ വിധേയമല്ല. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.

വൂൾസി ഫയർ’ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയിൽ ഇതുവരെ 70,000 ഏക്കർ കത്തി നശിച്ചു. 6,700 കെട്ടിടങ്ങളെ തീ വിഴുങ്ങി. ഉത്തര സാൻഫ്രാൻസിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോർണിയ ഭാഗത്തും കാട്ടു തീ പടരുകയാണ്. മാലിബു നഗരത്തിലും തീ പടർന്നു. ഇവിടെ പല വീടുകളും കത്തി. നഗരത്തിലേക്കും തീ പടർന്നതോടെ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവരെ മാറ്റിപാർപ്പിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതൽ. ഹെലികോപ്റ്ററുകളും വാട്ടർടാങ്കുകളുമായി 2,200 അഗ്‌നിശമനസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നെണ്ടെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്തയാഴ്ച വരെ അപകടകരമായ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചത്. കലിഫോർണിയ ഗവർണർ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാടുകൾ ദുരുപയോഗം ചെയ്യപ്പെട്ടതാണ് ദുരന്തത്തിനു കാരണമെന്നും കാട്ടു തീ പടരുന്നതിന് പിന്നിൽ വനംവകുപ്പിന്റെ പിടിപ്പുകേടാണെന്നും പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.