‘ബിജെപി ആദ്യം മാറ്റേണ്ടത് അമിത് ഷായുടെ പേര്‍ഷ്യന്‍ പേര്’: ഇര്‍ഫാന്‍ ഹബീബ്

ലഖ്നൗ: സംസ്ഥാനങ്ങളുടേയും പ്രധാന നഗരങ്ങളുടേയും പേരുകള്‍ മാറ്റി പകരം ഹൈന്ദവ നാമങ്ങള്‍ നല്‍കുന്ന ബിജെപി നടപടിയെ വിമർശിച്ച്  ചരിത്രകാരനും അലിഖര്‍ മുസ്‍ലിം സര്‍വകലാശാല പ്രൊഫസറുമായ ഇര്‍ഫാന്‍ ഹബീബ് രംഗത്ത്‌. പേര് മാറ്റുന്ന തിരക്കിലാണ് ബിജെപി എങ്കില്‍ ആദ്യം മാറ്റേണ്ടത്, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പേരാണെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

അമിത് ഷായുടെ പേരിലെ ‘ഷാ’ പേര്‍ഷ്യയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും ഗുജറാത്തി അല്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ആഗ്രയെ ‘ആഗ്രവാന്‍’ എന്നോ ‘അഗര്‍വാള്‍’ എന്നോ പുനര്‍നാമകരണം ചെയ്യണമെന്ന്‌ എംഎൽഎ  ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു  അദ്ദേഹം.അടുത്തിടെയാണ്  അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റിയത്.

ഇതേ രീതിയില്‍ അഹമ്മദാബാദിന്റേയും ഔറംഗാബാദിന്റേയും ഹൈദരാബാദിന്റേയും ആഗ്രയുടേയും പേരുമാറ്റാന്‍ ഒരുങ്ങുകയാണ് ബിജെപി നേതാക്കള്‍. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ്‌ ‘ഗുജറാത്ത്’ എന്ന പേര് വന്നത് ഈ പേരും ബിജെപി മാറ്റണമെന്ന് ഇര്‍ഫാന്‍ ഹബീബ് പരിഹസിച്ചു. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്കനുസരിച്ചാണ് ബി.ജെ.പിയുടെ നടപടികകളെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.