സർക്കാർ നൽകിയ ഉപഹാരങ്ങൾ കത്തിച്ച് വിജയ് ആരാധകരുടെ പ്രതിഷേധം

ചെന്നൈ: വിജയ് ചിത്രമായ സർക്കാറിലെ വിവാദരംഗങ്ങൾ നീക്കിയതോടെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്. മുൻ മുഖ്യമന്ത്രി ജയലളിത സൗജന്യമായി നൽകിയിരുന്ന ടിവിയും ലാപ്‌ടോപ്പും ഉൾപ്പെടെയുള്ളവ തല്ലിത്തകർത്തും തീയിട്ട് നശിപ്പിച്ചുമാണ് ഒരു കൂട്ടം വിജയ് ആരാധകർ പ്രതിഷേധമറിയിച്ചത്. വ്യത്യസ്തമായ പ്രതിഷേധങ്ങളുടെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ വിമർശിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ആരോപിച്ച് എ.ഡി.എം.കെ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരു വിരൽ പൂരട്ചി എന്ന ഗാനത്തിനിടയിൽ തമിഴ്‌നാട് സർക്കാർ സൗജന്യമായി നൽകിയ വീട്ടുപകരണങ്ങൾ കത്തിക്കുന്ന രംഗമുണ്ടായിരുന്നു. ഇതിനെതിരെ കോയമ്പത്തൂരിൽ ചിത്രത്തിൻറെ പോസ്റ്റർ വലിച്ച് കീറിയാണ് എഐഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ ചിത്രത്തിൽ നിന്നും ഈ രംഗങ്ങൾ നീക്കം ചെയ്തിരുന്നു.

എന്നാൽ ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്തതിനെതിരെ വിജയ് ആരാധകരും പ്രതിഷേധിച്ചു. സർക്കാരിലെ പിൻവലിച്ച രംഗങ്ങൾക്ക് സമാനമായ രീതിയിലാണ് വിജയ് ആരാധകരും പ്രതിഷേധമറിയിച്ചത്. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ സൗജന്യമായി നൽകിയ ടിവിയും മിക്‌സിയുമടക്കമുള്ളവ കത്തിക്കുന്നതും ലാപ്‌ടോപ്പ് തല്ലിത്തകർക്കുന്നതുമായ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.