ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ  ബന്ധു, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ കെ.ടി അദീബ് രാജിവച്ചു.  മന്ത്രിക്കെതിരെ ബന്ധുനിയമന വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് അദീബിന്റെ രാജി. ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോര്‍പറേഷന്‍ എം.ഡിക്ക് അദീബ് കത്തയച്ചു.  അദീബിന്‍റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.

ബന്ധുവിനെ ഡെപ്യൂട്ടേഷന്‍ തസ്തികയിലേക്ക് നിയമിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസായിരുന്നു. അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്നും മതിയായ യോഗ്യതകള്‍ ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു.