സനൽ വധക്കേസ്: സനലിന്റെ കുടുംബം ഉപവാസ സമരത്തിന്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന് നീതി തേടി സനലിന്റെ കുടുംബം ഉപവാസ സമരത്തിനൊരുങ്ങുന്നു. സനൽ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് ഭാര്യ വീജിയും കുടുംബവും ഉപവാസ സമരത്തിരിക്കുന്നത്. പ്രതിയെ സംരക്ഷിക്കാനും സനലിന്റെ മരണം അപകടമരണമായി ചിത്രീകരിക്കാനും പൊലീസ് ശ്രമിക്കുന്നുവെന്ന് വീജി ആരോപിച്ചിരുന്നു. കേസ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുകയോ കോടതി മേൽനോട്ടം വഹിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് സനലിന്റെ കുടുംബം.

പ്രതി ഡി.വൈ.എസ്.പി ഹരികുമാരിനെ രക്ഷപ്പെടാൻ സഹായിച്ച തമിഴ്നാട് തൃപ്പരപ്പ് സ്വദേശിയായ സതീഷ്‌കുമാർ ഇന്നലെ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഡി.വൈ.എസ്.പിയും സുഹൃത്ത് ബിനുവും നേരെ എത്തിയത് തൃപ്പരപ്പിലുള്ള സതീഷിന്റെ ലോഡ്ജിലേക്കായിരുന്നു. സതീഷ് ഡി.വൈ.എസ്.പിക്ക് രണ്ട് സിം കാർഡുകൾ ഏർപ്പാടാക്കി നൽകിയിരുന്നതായും പ്രതികൾ ചൊവ്വാഴ്ച രാവിലെ 8 മണിക്ക് തൃപ്പരപ്പിൽ നിന്ന് തന്റെ ഡ്രൈവർ രമേശിനൊപ്പം പോയതായും അറസ്റ്റിലായ സതീഷിന്റെ മൊഴി. ഹരികുമാറിനെയും രക്ഷപ്പെടുത്താൻ സഹായിച്ച ബിനുവിന്റെ മകനും പൊലീസ് പിടിയിലായിട്ടുണ്ട്. ഇതോടെ ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യാനാവുമെന്ന വിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. ഹരികുമാർ അടിക്കടി ഒളിയിടങ്ങൾ മാറുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.