എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനൊരുങ്ങി സൗദി; ഏഷ്യന്‍ രാജ്യങ്ങള്‍ ആശങ്കയിൽ

റിയാദ്: ആഗോള വിപണിയില്‍ എണ്ണവിലയിൽ തുടരുന്ന ഇടിവ്‌ നികത്താനൊരുങ്ങി സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. ഉല്‍പ്പാദനം കുറയുകയും വില കുത്തനെ ഉയരുകയും ചെയ്താല്‍ ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കത്‌ കനത്ത തിരിച്ചടിയാകും. ഗള്‍ഫ് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് സൗദി നിലപാട്‌ വ്യക്തമാക്കിയത്‌.

അമേരിക്കയും റഷ്യയും എണ്ണ ഉത്പാദനം കൂട്ടിയതാണ്‌ വിലയിടിവിന് പ്രധാന കാരണം. രണ്ടാഴ്ചക്കിടെ ഇരുപത് ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്. എന്നാല്‍ തുടർച്ചയായി വിലയിടിയുന്നതില്‍ സൗദിയ്ക്ക് കടുത്ത നിരാശയുണ്ട്. വിലയിടിയുന്ന സാഹചര്യത്തില്‍ വില സ്ഥിരതക്ക് വിതരണ നിയന്ത്രണം അത്യാവശ്യമാണെന്നാണ് സൗദിയുടെ വാദം. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടിയത്.

ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമെന്നുമാണ് സൗദിയുടെ  തീരുമാനം. സൗദി ഉല്‍പ്പാദനം കുറച്ചാൽ അന്താരാഷ്ട്ര വിപണിയില്‍ വില കുത്തനെ വര്‍ധിക്കും.  പ്രതിദിനം ഉല്‍പ്പാദനത്തില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്തും. ഡിസംബര്‍ മുതലാണ് ഉല്‍പ്പാദനം കുറയ്ക്കുക. അമേരിക്ക ഉല്‍പ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് സൗദിയുടെ പുതിയ തീരുമാനം.