ലേക് പാലസിന്റെ അനധികൃത പാർക്കിംഗ് ഗ്രൗണ്ട് പൊളിക്കാൻ നിർദേശം

തിരുവനന്തപുരം: നിലം നികത്തി റിസോർട്ട് പണിഞ്ഞ കേസ് സാധൂകരിക്കാൻ തോമസ് ചാണ്ടി സർക്കാരിന് നൽകിയ അപ്പീൽ തള്ളി. ആലപ്പുഴ മുൻ കലക്ടർ ടി.വി അനുപമയുടെ റിപ്പോർട്ടിനെതിരായ അപ്പീലാണ് തള്ളിയത്.ടി.വി. അനുപമയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് തോമസ് ചാണ്ടി കൃഷി വകുപ്പിന് മുന്നിൽ അപ്പീലുമായി പോയത്. ലേക്പാലസ് റിസോർട്ടിന് പാർക്കിംങ് ഗ്രൗണ്ട് പണിയുന്നതിന് വേണ്ടിയായിരുന്നു വയൽ നികത്തിയത്.

നിലം നികത്തി നിർമിച്ച പാർക്കിംങ് ഗ്രൗണ്ട് പൊളിക്കണമെന്നും നികത്തിയ നിലം പൂർവ സ്ഥിതിയിലാക്കണമെന്നും കാർഷികോത്പാദന കമ്മീഷൻ ഉത്തരവിട്ടു. തോമസ് ചാണ്ടിക്കെതിരെ ടി.വി അനുപമ നൽകിയ റിപ്പോർട്ട് പരിശോധിച്ച്   ചട്ടം ലംഘിച്ചാണ് നിർമ്മാണം നടത്തിയതെന്ന്  കണ്ടെത്തിയതിനെ തുടർന്നാണ് കൃഷിവകുപ്പ് അപ്പീൽ തള്ളിയത്.