ശബരിമല യുവതീ പ്രവേശനം; ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡൽഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശം അനുവദിച്ച വിധിയുടെ പുനപരിശോധന ഹർജികൾ ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭരണഘട ബെഞ്ചിന്‍റെ ഭാഗമാകും.  വിധിക്കെതിരായ 49 പുനപരിശോധന ഹർജികളും 4 റിട്ട് ഹർജികളും കോടതിയുടെ മുന്നില്‍ വരും. അഞ്ചംഗ ഭരണഘടനാ ബഞ്ച് വൈകിട്ട് മൂന്നിന് ചേംബറിലാണ് പുനപരിശോധന ഹർജികള്‍ കേള്‍ക്കുന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 49 പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിക്കുക.

ഹര്‍ജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ ഇരുന്നാകും ജഡ്ജിമാര്‍ പരിശോധിക്കുക. ജസ്റ്റിസുമാരായ റോഹിന്‍റൻ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.കാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജമാര്‍. ഭരണഘടന ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി  എന്ത് നിലപാട് എടുത്താലും എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ബെഞ്ചിലുണ്ട്. വിധിയിൽ ഈ ജഡ്ജിമാര്‍ ഉറച്ചുനിന്നാൽ പുനഃപരിശോധന ഹര്‍ജികൾ തള്ളിപ്പോകും.

തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകനായ ജി.വിജയകുമാർ എസ്. ജയ്കുമാർ, മുംബൈ മലയാളി ഷൈലജ വിജയൻ അടക്കമുള്ളവരുടെ നാല് റിട്ട് ഹർജികളും  കോടതി പരിഗണിക്കും. എല്ലാം ഒന്നിച്ച് പരിഗണിക്കുമെന്ന് കോടതി ആദ്യം സൂചന നല്‍കി. പിന്നീട് റിട്ടുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കുമെന്ന് വ്യക്തത വരുത്തി. കോടതി തീരമാനം എന്ത് തന്നെ ആയാലും അത് അംഗീകരിക്കും എന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡുള്ളത്, ഇന്ന് ഇക്കാര്യം കോടതിയെ അറിയിച്ചേക്കും. ആവശ്യമെങ്കില്‍ വിധി നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട് ഉള്‍കൊള്ളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗ് ദേവസ്വം ബോർഡിനായി ഹാജരാകും.