പൊതുമാപ്പ് ലഭിച്ചവർക്ക് ആറുമാസം കൂടി യുഎഇയിൽ തങ്ങാം

അബുദാബി: പൊതുമാപ്പ് ലഭിച്ചവർക്ക് ആറു മാസത്തേക്ക്‌ കൂടി വീസ നീട്ടി നല്കി യുഎഇ  സർക്കാർ. രാജ്യം വിടാതെ ജോലി കണ്ടെത്താൻ അവസരമൊരുക്കിയാണ് ആറു മാസത്തെ വീസ അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് നാഷണാലിറ്റിയുടെ റെസിഡൻസ് അഫയേഴ്‌സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സയിദ് റക്കാൻ അൽ റാഷിദ് വ്യക്തമാക്കി. എന്നാൽ താൽക്കാലിക വീസയുള്ളവർക്ക് റസ്ഡൻസ് വീസയുടെ അവകാശങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കുകയില്ല.

സ്വന്തമായി ജോലി കണ്ടെത്തി എംപ്‌ളോയ്‌മെൻറ് വീസ ലഭിക്കുംവരെ ജോലി ചെയ്യാനും അനുവാദമുണ്ടാകില്ല.  ഈ വീസയുള്ളവർ ആറു മാസത്തനിടയ്ക്ക് രാജ്യം വിട്ടാൽ പിന്നെ പുതിയ വീസയിൽ മാത്രമേ മടങ്ങിയെത്താനാകൂവെന്നും  അധികൃതർ പറഞ്ഞു. അറുനൂറ് ദിർഹമാണ് ഇതിൻറെ ഫീസ്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഡിസംബർ ഒന്നുവരെ നീട്ടിയിട്ടുണ്ട്. യുഎഇയില്‍ താമസ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നവര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കാനാണ് ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ഈ ആനുകൂല്യം വിനിയോഗിക്കാത്തവര്‍ക്ക് ഒരു മാസത്തെ കൂടി സമയം നല്‍കാനാണ് ഫെഡറല്‍ ഐഡിന്റിറ്റ് അതോറിറ്റിയുടെ തീരുമാനം. ഡിസംബര്‍ ഒന്ന് വരെ യുഎഇയില്‍ പൊതുമാപ്പ് തുടരും. അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ മാത്രമല്ല, രേഖകള്‍ നിയമാനുസൃതമാക്കാനും മറ്റൊരു ജോലിയില്‍ പ്രവേശിക്കാനും ഈ കാലയളവില്‍ അവസരമുണ്ടാകും.