സനൽ വധക്കേസ്: സനലിന്റെ ഭാര്യ ഉപവാസ സമരം ആരംഭിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിൻറെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സനലിൻറെ ഭാര്യ വിജി ഉപവാസം തുടങ്ങി. സനലിനെ കൊലപ്പെടുത്തിയ അതേ സ്ഥലത്താണ് വിജിയും കുടുംബാംഗങ്ങളും ഉപവാസ സമരത്തിനിരിക്കുന്നത്. രാവിലെ 8.30ന് ആരംഭിച്ച ഉപവാസം വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. മുന്‍ കെപിസിസി പ്രസിഡന്‍റ്  വിഎം സുധീരനും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.  പൊലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നതില്ർ പൊലിസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

സനൽകുമാർ മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും പ്രതി ഹരികുമാറിനെ പിടികൂടാൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല.

അതിനിടെ ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നു. സനലിന്റെ
കൊലപാതകം യാദൃശ്ചികമായിരുന്നില്ലെന്നും വാഹനം വരുന്നത് കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ദിവസങ്ങളായി ഒളിവിൽ കഴിയുന്നതും മനപ്പൂർവം നടത്തിയ കുറ്റകൃത്യമെന്നതിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പി ഹരികുമാറിന് ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അതേസമയം ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.