ശബരിമല സംഘർഷം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി:ചിത്തിര ആട്ടത്തിരുനാളിന് സന്നിധാനത്ത് സംഘർഷമുണ്ടാക്കിയവർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമലയിൽ സംഘർഷമുണ്ടായി എന്ന് കാട്ടി സ്‌പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്.

ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോൾ സന്നിധാനത്ത് ദർശനം നടത്താനെത്തിയ സ്ത്രീകളെ ആക്രമിച്ചെന്നും പതിനെട്ടാം പടിയിലെ ആചാരങ്ങൾ ലംഘിക്കപ്പെട്ടെന്നുമാണ് സ്‌പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോൾ സ്വമേധയാ കേസെടുത്തത്.

ശബരിമല സ്‌പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടി.