ഹരികുമാർ ആത്മഹത്യ ചെയ്തത് വിറക് പുരയിൽ: മൃതദേഹം ആദ്യം കണ്ടത് ഭാര്യയുടെ അമ്മ

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാർ ആത്മഹത്യ ചെയ്തത് വീട്ടിലെ വിറക് പുരയിൽ. ഹരികുമാറിനെ തെരഞ്ഞ് മൂന്ന്  സംസ്ഥാനങ്ങളിലായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വളർത്തുനായക്ക് ഭക്ഷണം നൽകാനെത്തിയ ഭാര്യയുടെ അമ്മയാണ് ആദ്യം ഹികുമാറിന്റെ മൃതദേഹം കണ്ടത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഹരികുമാർ കീഴടങ്ങുന്നതിന് വേണ്ടി ഇന്നലെ വീട്ടിലെത്തിയതായാണ് പൊലീസ് നിഗമനം.

കല്ലമ്പലം വെയിലൂരിലെ വീട്ടിൽ ഇന്നലെ രാത്രിയോടെ ഹരികുമാർ എത്തിയിരുന്നതായാണ് വിവരം. നെയ്യാറ്റിൻകരയിൽ സ്ഥിര താമസമായിരുന്നതിനാൽ കല്ലമ്പലത്തെ വീട് ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. അന്വേഷണത്തിനിടെയിൽ പൊലീസ് ഇവിടെ പരിശോധന നടത്താനെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നതിനാൽ അന്ന് അന്വേഷണം നടത്താതെ പൊലീസ് മടങ്ങി. പിന്നീട് ബന്ധുക്കളിൽ നിന്നും താക്കോൾ വാങ്ങി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഹരിമകുമാറിനെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃപ്പരപ്പ് സ്വദേശി സുരേഷ്‌കുമാറും ഹരികുമാറിനൊപ്പം ഒളിവിൽ പോയ ബിനുവിന്റെ മകനുമായിരുന്നു പൊലീസ് പിടിയിലായത്.

പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയിരുന്നു. അതിനിടെ ഹരികുമാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കവെയാണ് ഹരികുമാർ ആത്മഹത്യ ചെയ്തത്. സനൽകുമാറിനെ മനഃപൂർവം കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയാറാക്കിയതോടെ ഹരികുമാർ മാനസികമായി തകർന്നിരുന്നതായും അടുപ്പക്കാർ പറയുന്നു.

പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്നാരോപിച്ച് സനൽകുമാറിന്റെ കുടുംബം ഇന്ന് രാവിലെ മുതൽ സനൽ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസസമരം തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഹരികുമാറിന്റെ ആത്മഹത്യ പുറത്തറിഞ്ഞത്. ഇതോടെ സനലിന്റെ കുടുംബം ഉപവാസം അവസാനിപ്പിച്ചു. ‘ദൈവ വിധി നടപ്പിലായി ‘ എന്നാണ് ഹരികുമാറിന്റെ ആത്മഹത്യാ വാർത്തയറിഞ്ഞ സനലിന്റെ ഭാര്യ വിജി പ്രതികരിച്ചത്. ഉപവാസം അവസാനിപ്പിച്ചെങ്കിലും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്നും വിജി പറഞ്ഞു.

നവംബർ 5നാണ് നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി സനൽകുമാറിനെ തർക്കത്തിനിടെ ഡി.വൈ.എസ്.പി ഹരികുമാർ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. അപകട ശേഷം സനലിനെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതിരുന്ന ഹരികുമാർ സുഹൃത്തിനൊപ്പം കടന്നുകളയുകയായിരുന്നു. ഹരികുമാർ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിരുന്ന പൊലീസ് അന്വേഷണം ശ്ക്തമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.