കാത്തിരിപ്പിന് വിരാമം; ദീപികാ-രണ്‍വീര്‍ വിവാഹം നാളെ

ബോളിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരജോഡികളായ ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും നാളെ വിവാഹതിരാകുകയാണ്. ആറുവർഷം നീണ്ട പ്രണയത്തിന് ശേഷമാണ്‌ ഇരുവരും വിവാഹിതരാകുന്നത്‌. ഇറ്റലിയിലെ വില്ല ഡെൽ ബാൽബിയാനോയെന്ന കൊട്ടാരത്തിലാണ്‌ വിവാഹം.

അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമേ ഇറ്റലിയിലെ വിവാഹ വേദിയിലേക്ക് ക്ഷണമുള്ളൂ. ശേഷം നവംബർ 21 ന് ബാംഗ്ലൂരിലെ ദീപികയുടെ ജന്മനാട്ടിൽ ഒരു വെഡ്ഡിംഗ് റിസപ്ഷനും താരങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്.

ഇറ്റലിയിലേക്ക് പുറപ്പെടും മുൻപ് വിവാഹത്തിനു മുന്നോടിയായുള്ള പരമ്പരാഗതമായ ആഘോഷങ്ങൾ ഇരുവരുടെയും വീടുകളിൽ നടന്നിരുന്നു. 2013ല്‍ പുറത്തിറങ്ങിയ രാം ലീലയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. 2016ലാണ് പ്രണയം തുറന്നുപ്രകടിപ്പിച്ച് ഇരുവരും രംഗത്തെത്തിയത്.