ഗജ ചുഴലിക്കാറ്റ്: തീരദേശങ്ങളിൽ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ആശങ്ക വിതച്ച് കരയിലേക്ക് അടുക്കുകയാണെന്ന്‌കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപംകൊള്ളുകയാണ്‌.

മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട് മാത്രമല്ല, കേരളവും പുതുച്ചേരിയും ആന്ധ്രയുടെ തീരപ്രദേശങ്ങളും ജാഗ്രത പാലിക്കണം.ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലൂരിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലുള്ള ഭാഗങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഗജ ചുഴലിക്കാറ്റിപ്പോൾ നാഗപട്ടണം തീരത്തിനടുത്തേയ്ക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ 15, 16 തീയതികളിലും, ഇടുക്കി, വയനാട് ജില്ലകളിൽ നവംബർ 16നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ 16 നവംബറിന് ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയ്ക്ക് വടക്ക് കിഴക്ക് മാറി 860 കിലോമീറ്റര്‍ ദൂരത്തിലാണ് ഗജ ചുഴലിക്കാറ്റിന്റെ ഉത്ഭവം.