ശബരിമല ദർശനത്തിന് തൃപ്തി ദേശായി എത്തും

ഡൽഹി: മണ്ഡല മകരവിളക്ക് സീസണിൽ ദർശനം നടത്താൻ തൃപ്തി ദേശായി എത്തും. ശബരിമല സ്ത്രീപ്രവേശനത്തിലെ കോടതി വിധി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മല ചവിട്ടാൻ തൃപ്തി ദേശായി എത്തുമെന്നറിയിച്ചത്. ഈ മാസം 16നും 20നും ഇടയ്ക്ക് ശബരിമലയിലെത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ഇന്ന് സുപ്രീംകോടതി പരിഗണിച്ച 49 റിവ്യൂ ഹർജികളും റിട്ട് ഹർജികളും വാദം കേൾക്കാൻ ജനുവരി 22ലേക്ക് മാറ്റിയതോടെ വിധി നടപ്പിലാക്കുന്നതിൽ സർക്കാർ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. സ്ത്രീ പ്രവേശനവിധി സ്റ്റേ ചെയ്യാത്തിടത്തോളം വിധി നിലനിൽക്കുകയും ചെയ്യും. ശബരിമല ദർശനത്തിനായി തൃപ്തി ദേശായി അടക്കമുള്ള സ്ത്രീകൾ എത്തുമെന്നറിയിച്ചിട്ടുള്ള സാഹചര്യത്തിൽ അവർക്ക് വേണ്ട സുരക്ഷാക്രമീകരണങ്ങൾ സർക്കാർ ഉറപ്പാക്കേണ്ടി വരും. 550ലധികം സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്താൻ പൊലീസിനോട് അനുമതി തേടിയിട്ടുണ്ട്. അതിനാൽ തന്നെ ദർശനത്തിന് അധികം സ്ത്രീകളെത്തിയാൽ ഇതുവരെ മഒരുക്കിയിരുന്ന സുരക്ഷാ ക്രമീകരണങ്ങൾ പോരാതെ വരും. ഈ സാഹചര്യത്തിൽ ശബരിമലയെ സംഘർഷ ഭൂമിയാക്കാതെ നിയമം നടപ്പിലാക്കുക എന്ന വെല്ലുവിളിക്കു മുന്നിലാണ് സർക്കാർ.

അതേസമയം മണ്ഡലകാലത്ത് യുവതികൾ മല ചവിട്ടാനെത്തിയാൽ തടയുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബി.ജെ.പിയും സംഘപരിവാർ സംഘടനകളും. അങ്ങനെയെങ്കിൽ ശബരിമല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങാനാണ് സാധ്യത. തുലാമാസ പൂജ സമയത്തും ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോൾ ദർശനത്തിനെത്തിയ സ്ത്രീകൾക്ക് നേരെ പ്രതിഷേധം ഉയർന്നിരുന്നു. കനത്ത പൊലീസ് സുരക്ഷയൊരുക്കിയിരുന്നിട്ടും യുവതികളെ സന്നിധാനത്ത് എത്തിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. സന്നിധാനത്തെത്തിയ 52 വയസ്സു കഴിഞ്ഞ സ്ത്രീക്കെതിരെയും പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. അതേസമയം ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് സംഘർഷമുണ്ടാക്കിയവർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.