ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിയുടെ തീരുമാനത്തിൽ പ്രമുഖരുടെ പ്രതികരണങ്ങൾ ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിൻറെ വിധി നിലനിൽക്കുന്നു. നിയമവശങ്ങൾ നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സുപ്രീംകോടതി വിധി എന്ത് തന്നെയായാലും നടപ്പിലാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. സുപ്രീംകോടതി വിധി പരിശോധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കും.

 

മന്ത്രി എ.കെ ബാലൻ

സുപ്രീം കോടതിയുടേത് ഉചിതമായ തീരുമാനമാണ്. പുനപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചാൽ തൽസ്ഥിതി തുടരാം. കോടതി വിധിയിൽ സംഘർഷങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.

 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. ശബരിമലയിൽ ഇനിയൊരു സംഘർഷം ഉണ്ടാക്കുന്ന രീതിയിലേക്ക് സർക്കാർ പോകരുത്.  ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ കൂടുതൽ വിവേകത്തോടെ പ്രവർത്തിക്കണം. സ്ത്രീകളെ നിർബന്ധിച്ച് ശബരിമല കയറ്റരുത്. ഭക്തരുടെ വികാരം സംരക്ഷിക്കാൻ കോൺഗ്രസ് അവസാനം വരെയും പോരാടും.

കെ.സുധാകരൻ 

പുനഃപരിസോധനാ ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം പ്രത്യാശ നൽകുന്നതാണ്. 22ന് ഹർജിയിൽ അനുകൂല വിധിയുണ്ടാകും. നിലവിൽ കോൺഗ്രസ് നടത്തുന്ന സമരപരിപാടികളുമായി മുന്നോട്ട് പോകും.

 

പി.എസ് ശ്രീധരൻപിള്ള

കോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണം. അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോഴുള്ള കോടതി നിലപാട്. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മാപ്പ് പറയണം. സമരത്തിൻറെ ഭാവിയെക്കുറിച്ച് എൻഡിഎ ആലോചിച്ച് തീരുമാനിക്കും. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ജനഹിതം എന്താണെന്ന് സുപ്രീം കോടതിയെ അറിയിച്ചില്ല. ഇരുകൂട്ടരും വിശ്വാസികളെ വഞ്ചിച്ചു.

 

കണ്ഠരര് രാജീവര് 

കോടതി ഉത്തവരവിൽ സന്തോഷമുണ്ട്. തുറന്നകോടതിയിലും വിജയം പ്രതീക്ഷിക്കുന്നു. സമാധാനവും സന്തോഷവും ശബരിമലയിൽ പുനഃസ്ഥാപിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇത് അയ്യപ്പൻറെ വിജയമാണ്. ശബരിമലയുടെ ചരിത്രത്തിൽ ഇത്രയും പ്രതിസന്ധി നിറഞ്ഞ ഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല. പക്ഷേ അയ്യപ്പൻ അതിൽ നിന്നും രക്ഷിച്ചിരിക്കുകയാണ്.

 

വെള്ളാപ്പള്ളി നടേശൻ 

സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണം. നിയമമല്ല കീഴ്വഴക്കമാണ് യുവതീകൾ ശബരിമലയിൽ പ്രവേശിക്കാത്തത്. അത് തുടരുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി ആത്മീയ കച്ചവടത്തിന് ശ്രമിക്കരുത്.

 

ജി. സുകുമാരൻ നായർ

നാടിന്റെ സമാധാനത്തെ കരുതി ശബരിമലയിലെ ആചാരങ്ങൾക്ക് കോട്ടം തട്ടാതെയുള്ള വിവേകപൂർവമായ തീരുമാനം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എടുക്കുമെന്നാണ് വിശ്വസിക്കുന്നത്.