സര്‍വകക്ഷി യോഗം നാളെ; എന്‍.ഡി.എ പങ്കെടുക്കന്നകാര്യം തീരുമാനമായിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 3 മണിക്കാണ് യോഗം. സ്ത്രീപ്രവേശനത്തിന് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന സുപ്രീം കോടതി തീരുമാനിച്ച പശ്ചാത്തലത്തിലാണ് യോഗം. സര്‍വകക്ഷിയോഗത്തിലൂടെ സമവായ നീക്കത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനുമുണ്ടായ അനിഷ്ട സംഭവങ്ങൾ മണ്ഡലകാലത്തും ഉണ്ടായാൽ കാര്യങ്ങൾ കൈവിടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് പ്രതിപക്ഷത്തിന‍്റെ സഹകരണം തേടി സർവകക്ഷി യോഗം വിളിക്കുന്നത്.

ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും അറിയിച്ചു. മണ്ഡല കാലത്ത് യുവതീ പ്രവേശനം അനുവദിക്കരുതെന്നു ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരം അധികൃതര്‍ പറഞ്ഞു.