ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതി നിലപാടിൽ നിയമോപദേശം തേടിയെന്ന് എ.പത്മകുമാർ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ പുനപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ തീരുമാനത്തിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കി മുന്നോട്ട് പോകുന്നതിന് യോജിപ്പില്ല. ചന്ദ്രോദയ് സിങ് ആണ് ദേവസ്വം ബോർഡിന്റെ അഭിഭാഷകനെന്നും പത്മകുമാർ പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷിയോഗം നാളെ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 3 മണിക്കാണ് യോഗം. സ്ത്രീപ്രവേശനത്തിന് എതിരായ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാമെന്ന സുപ്രീം കോടതി തീരുമാനിച്ച പശ്ചാത്തലത്തിലാണ് യോഗം. സർവകക്ഷിയോഗത്തിലൂടെ സമവായ നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനുമുണ്ടായ അനിഷ്ട സംഭവങ്ങൾ മണ്ഡലകാലത്തും ഉണ്ടായാൽ കാര്യങ്ങൾ കൈവിടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്‌റെ സഹകരണം തേടി സർവകക്ഷി യോഗം വിളിക്കുന്നത്.

ശബരിമല പ്രശ്‌നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സർക്കാരിനോട് ചർച്ചയിൽ ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരവും തന്ത്രികുടുംബവും വ്യക്തമാക്കി.