ബന്ധുനിയമനം: മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ടു; തെളിവുകൾ പുറത്തുവിട്ട് പി.കെ ഫിറോസ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും യൂത്ത് ലീഗ്. കെ.ടി. ജലീലിൻറെ ബന്ധു അദീബിനെ നിയമിച്ചത് മന്ത്രി നേരിട്ട് ഇടപെട്ടിട്ടെന്നാണ് യൂത്ത് ലീഗ്  സംസ്ഥാന പ്രസിഡന്‍റ് പി കെ ഫിറോസ്  ആരോപിച്ചു. ബന്ധുവിനെ നിയമിക്കാൻ വിദ്യാഭ്യാസയോഗ്യതയിൽ മാറ്റം വരുത്തണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ പുറത്ത് വിട്ടാണ്  പി.കെ.ഫിറോസ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്.

വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം  തള്ളിയാണ് കെ.ടി. ജലീല്‍ വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ്  വരുത്തിയ്ത. നിയമനത്തിന് മന്ത്രിസഭായോഗത്തിൻ്റെ അനുമതി തേടണമെന്ന  നിർദേശവും മന്ത്രി അവഗണിച്ചു. മന്ത്രി കെ.ടി ജലീൽ സംവാദത്തിന് ഭയക്കുന്നത്  ഞങ്ങളുടെ കയ്യിൽ തെളിവുകളുള്ളത് കൊണ്ടാണെന്നും വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ  അറിവോടെയാണോ എന്ന് മന്ത്രി വ്യക്തമാക്കണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.