പൊതുഅവധി; ഒമാനില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച്‌ വിമാനക്കമ്പനികള്‍

മസ്‌കറ്റ്: നബിദിന, ദേശീയദിന അവധികള്‍ക്കൊപ്പം വാരാന്ത്യ അവധി കൂടി ചേര്‍ത്താണ് കിട്ടുന്ന അഞ്ചുദിവസത്തെ അവധി ആഘോഷിക്കാനുള്ള ഒരുക്കം തുടങ്ങി. കഴിഞ്ഞവര്‍ഷം നാലുദിവസത്തെ അവധിയാണ് ഈ വര്‍ഷം അഞ്ച് ദിവസമായിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. അവധി പ്രഖ്യാപനത്തിന് മുമ്പ് നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ മടക്ക ടിക്കറ്റ് ഉള്‍പ്പെടെ വിവിധ എയര്‍ലൈന്‍സുകളില്‍ 60 മുതല്‍ 90 റിയാല്‍ വരെയായിരുന്നു നിരക്ക്.

എന്നാല്‍, അവധി പ്രഖ്യാപന ശേഷം ഇത് 190 മുതല്‍ 350 റിയാല്‍ വരെയായി. അവധി പ്രഖ്യാപിച്ചതോടെ ചില വിമാനക്കമ്പനികള്‍ താല്‍ക്കാലികമായി ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തിവെച്ചു. പിന്നീട് നിരക്കുകളില്‍ മാറ്റംവരുത്തിയാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. അവധി ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഇതുതന്നെയാണ് അവസ്ഥ. നിരക്ക് ഉയര്‍ന്നതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ ആലോചിക്കുകയാണ് പലരും. നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ ഇവിടെ തന്നെ അവധി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്.