ദോഹ-കണ്ണൂര്‍ വിമാനത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദോഹ: ദോഹ-കണ്ണൂര്‍ വിമാനത്തിന്റെ ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചു. ഇന്നലെയാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ഡിസംബര്‍ 9നു കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെങ്കിലും ഡിസംബര്‍ 10 മുതലാണു ദോഹയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. 10നുള്ള കണ്ണൂര്‍-ദോഹ ടിക്കറ്റിന് തുടക്കത്തില്‍ 8,920 രൂപയായിരുന്നെങ്കിലും പിന്നീട് ഡൈനാമിക് പ്രൈസിങ് രീതിയനുസരിച്ചു വര്‍ധിച്ചു. ബുക്കിങ്ങിനുണ്ടാകുന്ന തിരക്കിന് ആനുപാതികമായി നിരക്ക് ഉയരുന്നതാണു ഡൈനാമിക് പ്രൈസിങ്.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എയര്‍ലൈന്‍സുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ നിരക്കിലും കുറവുണ്ടാകും. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുമെന്നതിനാല്‍ കണ്ണൂരിലേക്ക് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ എയര്‍ലൈന്‍സുകള്‍ക്കും സാധിക്കും. പ്രതിവാരം നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ദോഹ സെക്ടറില്‍ നടത്തുക. നാലു മണിക്കൂറും 15 മിനിറ്റുമായിരിക്കും യാത്രാ സമയം. തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണു സര്‍വീസ് ഉണ്ടായിരിക്കുക.