കശ്മീർ പാക്കിസ്ഥാന് ആവശ്യമില്ല; സ്വന്തം പ്രവിശ്യകൾ പോലും നന്നായി നോക്കാനാകുന്നില്ല; ഷാഹിദ് അഫ്രീദി

ലണ്ടൻ: കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് മറുപടിയുമായി മുൻ പാക് ക്രിക്കറ്റ് ടീം നായകൻ ഷാഹിദ് അഫ്രീദി. കൈവശമുള്ള നാല് പ്രവിശ്യകൾ പോലും കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ കാശ്മീർ പാക്കിസ്ഥാന് വേണ്ടി അവകാശവാദം ഉന്നയിക്കരുത്. അത് പോലെ കശ്മീർ ഇന്ത്യക്കും വിട്ട് നൽകരുത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണം നിരവധി പേരാണ് കശ്മീരിൽ മരിക്കുന്നത്. അത് വേദനാജനകമായ കാഴ്ചയാണ്. രാജ്യത്തിന്റെ ഐക്യം നിലനിർത്താൻ പാക്കിസ്ഥാന് സാധിക്കുന്നില്ലെന്നും കശ്മീരിനെ സ്വതന്ത്രമായി നിൽക്കാൻ അനുവദിക്കണമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു. ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലപ്പോഴും കശ്മീർ വിഷയത്തിൽ അഫ്രീദി അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്ത് കൊണ്ടാണെന്നും ഷാഹിദ് അഫ്രീദി സോഷ്യൽ മീഡിയയിലൂടെ ചോദിച്ചിരുന്നു. കശ്മീരിൽ ഭീകരവാദ സംഘടനകളെ വളർത്തുന്നത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐ ആണെന്ന് ഇന്ത്യ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കശ്മീർ വിഷയത്തിൽ താരം പ്രതികരിച്ചത്.