ശബരിമല സ്ത്രീ പ്രവേശനം: സർക്കാരിന് സാവകാശ ഹർജി നൽകാനാവില്ലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സർക്കാരിന് സാവകാശ ഹർജി നൽകാൻ സാധിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർവ്വകക്ഷിയോഗത്തിൽ ശുഭ പ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സർവ്വകക്ഷി യോഗം ഇന്ന് ചേരാനിരിക്കെയാണ് കടംപള്ളി പ്രതികരിച്ചത്. അതേ സമയം സാവകാശ ഹർജിയുടെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം കമ്മീഷണർ പറഞ്ഞു. വിഷയത്തിൽ കൂടുതൽ നിയമോപദേശം തേടേണ്ടതുണ്ടെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി.

മണ്ഡല മകരവിളക്കിനായി നാളെ നട തുറക്കുന്ന സാഹചര്യത്തിൽ സ്ത്രീപ്രവേശന വിഷയത്തിൽ സമവായത്തിലൂടെ വിധി നടപ്പിലാക്കാനുള്ള സാധ്യതകൾ തേടുകായാണ് സർക്കാർ. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച വിധിയ്‌ക്കെതിരെ സമർപ്പിച്ച 49 പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജനുവരി 22ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ കോടതി വിധി സ്‌റ്റേ ചെയ്തിരുന്നില്ല. അതിനാൽ സ്ത്രീകളെത്തിയാൽ സർക്കാർ സുരക്ഷയൊരുക്കേണ്ടി വരും.

അതേസമയം മണ്ഡല മകരവിളക്കിന് നാളെ  നട തുറക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനം നടത്താനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദർശനത്തിനെത്തുന്ന തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷയൊരുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. എന്നാൽ തൃപ്തിക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്നും എല്ലാ തീർത്ഥാടകർക്കും നൽകുന്ന രീതിയിലുള്ള സുരക്ഷ തൃപ്തിക്ക് ലഭ്യമാകുമെന്നും പൊലീസ് അറിയിച്ചു. തനിക്കൊപ്പം ആറ് സ്ത്രീകൾ കൂടിയുണ്ടായിരുന്നതിനാലാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും എന്ത് വന്നാലും ശബരിമലയിൽ എത്തുെമെന്നും തൃപ്തി ദേശായി പറഞ്ഞു. തനിക്കെതിരെ അക്രമമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്വം പൊലീസിനായിരിക്കുമെന്നും തൃപ്തി വ്യക്തമാക്കി.