ബന്ധുനിയമന വിവാദം: കെ.ടി.ജലീലിനെതിരെ എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് കലക്ട്രേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ട്രേറ്റിന് മുന്നിലെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ എംഎസ്എഫ് ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആദ്യം ലാത്തിവീശിയ പൊലീസ് പിന്നീട് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത മാനദണ്ഡം മാറ്റാന്‍ മന്ത്രി ഇടപെട്ട നടപടിക്കെതിരെയാണ്‌ എംഎസ്എഫിന്റെ പ്രതിഷേധം.

സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് എംഎസ്എഫിന്‍റെ തീരുമാനം. അതേസമയം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.