ദുബൈയിൽ പനി ബാധിച്ച് മലയാളി പെൺകുട്ടി മരിച്ചു

ദുബൈ: ദുബായിൽ പനി ബാധിച്ച് മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ സ്വദേശിനിയായ ആലിയ നിയാസ് അലി (17)യാണ് മരിച്ചത്. ദുബൈ ഇന്ത്യൻ ഹൈസ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയായിരുന്നു ആലിയ. പനി മൂർച്ഛിച്ചതിനെതുടർന്ന് ദുബൈ റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. ബുധനാഴ്ച അൽ ഖൂസിൽ ആയിരുന്നു ഖബറടക്കം.

പനികാരണമുണ്ടായ സങ്കീർണതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുൻപ് നാലാം ക്ലാസുകാരിയായ മലയാളി പെൺകുട്ടി അമീന ഷറഫും പനി ബാധയെത്തുടർന്ന് മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ദുബായിലെ മിക്ക സ്‌കൂൾ അധികൃതരും രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളിൽ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അറിയിപ്പ് നൽകി.