സർക്കാർ നിലപാടിൽ മാറ്റമില്ല; സർവ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് യു.ഡി.എഫ്‌

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. സർവ്വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന ആവശ്യം സർക്കാർ ആംഗീകരിച്ചില്ലെന്നും യോഗം പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.

പ്രശ്നപരിഹാരത്തിനുള്ള അവസരം സർക്കാർ പാഴാക്കി. സർക്കാർ പിടിവാശി കാണിക്കുന്നുവെന്നും ശബരിമലയിൽ ഇനി എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി ഉത്തരം പറയേണ്ടി വരുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.  വിധി നടപ്പാക്കാൻ സാവകാശഹർജി നൽകുക,  വിധി നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നതുമായിരുന്നു യു.ഡി.എഫ് മുന്നോട്ട് വച്ച ആവശ്യങ്ങൾ. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിച്ചെന്നും ബിജെപിയും സിപിഎമ്മും ശബരിമല വിഷയത്തിൽ ഒത്തു കളിയ്ക്കുകയാണെന്നും  പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ബിജെപിയും കോൺഗ്രസും സർവകക്ഷിയോഗത്തിൽ രൂക്ഷവിമർശനങ്ങളാണ് സർക്കാരിനെതിരെ ഉന്നയിച്ചത്. സർക്കാർ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു.