കുവൈറ്റിൽ പഴക്കമുള്ള വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി

കുവൈറ്റ്‌: 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ട്രാഫിക് കൗണ്‍സില്‍ നിര്‍ദേശം കുവൈറ്റ്‌ സര്‍ക്കാര്‍ തള്ളി. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ട്രാഫിക് കൗണ്‍സില്‍ ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. വര്‍ധിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൗണ്‍സില്‍ നിര്‍ദേശം നടപ്പാക്കാനുള്ള സമയമായിട്ടില്ലെന്നും തൽകാലികമായി മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മിനിസ്റ്റീരിയല്‍ സര്‍വീസസ് കമ്മിറ്റി വക്താവ് അറിയിച്ചു. എന്നാല്‍, വാഹനങ്ങളുടെ കാലപ്പഴക്കംമൂലം ഉണ്ടാകുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.