വനിതാ ട്വന്റി-20 ഇന്ത്യൻ ടീം ഇന്ന് അയർലൻഡിനെ നേരിടും

ഗയാന: ലോകകപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഇന്ന് അയർലൻഡിനെ നേരിടും. ഗ്രൂപ്പ് ബിയിലെ ഇൗ മത്സരം കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ ഉറപ്പാക്കാം. ആദ്യ രണ്ട് മത്സരങ്ങളും തകർപ്പനായി വിജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം താരതമ്യേന എളുപ്പമാവാനാണ്‌ സാധ്യത. ആദ്യ രണ്ട് മത്സരങ്ങളും തോറ്റവരാണ് ഐറിഷ് വനിതകൾ. സ്പിൻ ബൗളിംഗാണ് ഇന്ത്യയുടെ കരുത്ത്. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയിന്റ് നേടിയ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.

ആദ്യമത്സരത്തിൽ ട്വന്റി 20 യിലെ തങ്ങളുടെ ഏറ്റവും മികച്ച സ്കോർ ഉയർത്തിയ ശേഷമാണ് ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചത്. രണ്ട് ദിവസംമുമ്പ് പാകിസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിനും. ന്യൂസിലൻഡിനെ 134 റൺസിന് തോൽപ്പിച്ചു. അതേ പ്രോവിഡൻസ് ഗ്രൗണ്ടിൽ ത്തന്നെയാണ് ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടാനിറങ്ങുന്നത്. ഇന്ത്യയുമായാണ് ആസ്ട്രേലിയുടെ അവസാന മത്സരം. ഇന്ത്യ ഇന്ന് ജയിച്ചാൽ ശനിയാഴ്ച നടക്കുന്ന ഇൗ മത്സരത്തിന് പ്രസക്തി നഷ്ടമാകും. രാത്രി 8.30 നാണ് മത്സരം.